Saturday 16 June 2012

ഒരു നുള്ളും ഒരു ചെമ്പരത്തി പൂവും !!!

              ഒരു നുള്ളും ചെമ്പരത്തി പൂവും !!!
എന്‍റെ സ്കൂള്‍ ജീവിതത്തിലെ കഥയാണ് ഇത് ."പണികള്‍ പലവിധം ഉലകില്‍ സുലഭം " എന്ന് പറഞ്ഞു കേട്ടിടില്ലേ ? ഇല്ലെങ്കില്‍ ഇപ്പോള്‍ കേട്ടോളു!അങ്ങനെ ഒരു പണി കിട്ടിയ എന്‍റെ ഒരു കൂട്ടുകാരന്റെ കഥയാണ് ഇത് . അതിന്റെ കാരണക്കാരൻ ഞാനും!

ഏഴാം ക്ലാസ്സില്‍ നിന്ന് ജയിച്ച എന്നെ എവിടെ ചേര്‍ക്കും എന്നുള്ള ആലോചനയില്‍ ആയിരുന്നു അച്ഛനും അമ്മയും ..
എന്താണെന്ന് അറിയില്ല ഞാന്‍ ഒരു തല തിരിഞ്ഞ സന്താനം ആണ് എന്ന് അവര്‍ക്ക് പണ്ടേ തോന്നി കാണും അതായിരിക്കും എന്നെ ഒന്ന് മുതല്‍ ഏഴു വരെ പഠിപ്പിച്ചത് ഒരു മഠം വക സ്കൂളില്‍ ആയിരുന്നു .അവസാനം ചരിത്ര പ്രധാനം ആയ തീരുമാനം അവര് എടുത്തു എന്നെ വളയന്‍ചിറങ്ങര ഹൈസ്കൂളില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചു .

അങ്ങനെ ആ സുവര്‍ണ മുഹൂര്‍ത്തം വന്നു ചേര്‍ന്നു.സ്കൂളിലേക്ക് പുതിയ ബുക്കും ബാഗും ഒക്കെ ആയി ഞാന്‍ വിട്ടടിച്ചു പോയി.
സ്കൂള്‍ കൊള്ളാം!ഒന്നാം ദിവസം ഒരു നനഞ്ഞ  പടക്കം പോലെ ആയിരുന്നു നല്ല മഴ ആകെ  നനഞ്ഞു കുളിച്ചു.. രണ്ടു മൂന്ന് ദിവസങ്ങള്‍ അങ്ങനെ കടന്നു പോയി .അവസാനം ടൈം ടേബിള്‍ കിട്ടി.പഠിക്കാനുള്ള ആഗ്രഹം അപ്പോഴേക്കും എന്നെ കീഴടക്കി കഴിഞ്ഞു!കുറച്ചു വലുതായപ്പോൾ ആണ് എനിക്ക് അന്ന് അങ്ങനെ തോന്നിയിരുന്നത് ഒരു അസുഖം ആയിരുന്നു എന്ന് മനസിലായത്. മെഡിക്കല്‍ മെഡിക്കൽ സയൻസിൽ അതിനെ "INITIAL FLERY" എന്ന് പറയും. സ്കൂളിലേക്ക് ചെല്ലുമ്പോള്‍ എല്ലാവര്ക്കും തോന്നുന്ന ഒന്നാണ് ഇത് .പഠിച്ചു എല്ലാരേയും അങ്ങ് ഞെട്ടിചെക്കാം എന്ന്.ഭയങ്കര  വായന,  പഠിപ്പിക്കുന്നത്‌   അന്ന് തന്നെ വീട്ടില്‍ പോയി പഠിക്കുക, ഹോം വര്‍ക്ക്‌ ചെയ്യുക തുടങ്ങിയവ ആണ് ഇതിന്റെ ലക്ഷണം.!

ടൈം ടേബിള്‍ നോക്കി. ആകെ രണ്ടു ദിവസമേ എനിക്ക് ഏറ്റവും ഇഷ്ടപെട്ട വിഷയം ഉള്ളു. ഡ്രില്‍ അഥവാ P.T .പിന്നെ ഉള്ളത് തുന്നല്‍ ,ചിത്ര രചന തുടങ്ങിയ അഭ്യാസ മുറകള്‍ ആണ്.ഞങ്ങളെ ചിത്ര രചന പഠിപ്പിച്ചിരുന്നത് തങ്കപ്പൻ സാർ ആയിരുന്നു .മുടി രണ്ടു വശത്തെക്കായി ഈരി വച്ച് നല്ല തേച്ച ഷര്‍ട്ട്‌ ഇട്ടു വരുന്ന സാറിനെ ഇരുട്ടത്ത്‌ തിരിച്ചറിയണമെങ്കില്‍ സാർ  ഒന്ന് ചിരിക്കണം.അത്രയ്ക്ക് ഗാരണ്ടീ കളര്‍ ആണ്.സാറിന്റെ നുള്ള് പാനിപട്ട് യുദ്ധം പോലെ പ്രശസ്തം ആയിരുന്നു .അത് കൊണ്ട് എല്ലാവരും നല്ല വരപിസ്റ്റ് ആകാന്‍ നോക്കിയിരുന്നു .

അങ്ങനെ ചിത്ര രചന ക്ലാസ്സ്‌ വന്നു.സാറിന്റെ  പ്രധാനപെട്ട  പടങ്ങളില്‍ ഒന്നായിരുന്നു ചെമ്പരത്തി പൂവ്.എന്താണാവോ സാറിനു അതിനോട് ഇത്ര താല്പര്യം!രാജ രവി വര്‍മ യുടെ കൈ വഴക്കത്തോടെ സാർ  അത് ബോർഡിൽ പകര്‍ത്തി. എല്ലാവരോടും വരച്ചു തുടങ്ങി കൊള്ളാനുംപറഞ്ഞു.ഞാനും തുടങ്ങി വര.!ഒരു SCALE  വച്ച് നേരെ ഒരു വര വരയ്ക്കാന്‍ നോക്കിയാൽ പോലും നേരെ ആവാത്ത ഞാന്‍ ആണ് ചെമ്പരത്തി വരയ്ക്കാന്‍ നോക്കുന്നത് .ഇടയ്ക്കിടയ്ക്ക് സാർ  എല്ലാവരെയും നോക്കും അപ്പോഴെല്ലാം ഞാന്‍ പെൻസിലിന്റെ മുന കൂട്ടുന്നത്‌ പോലെ അഭിനയിക്കും.റബ്ബര്‍ എടുത്തു ഡ്രായിംഗ് ബുക്കിൽ ചില പരിപാടികളും നടത്തും.

അങ്ങനെ അന്നത്തെ പീരീഡ്‌ കഴിഞ്ഞു ബെല്‍ അടിച്ചു. "അടുത്ത ക്ലാസ്സില്‍ എല്ലാവരും വരച്ചു കൊണ്ട് വരണം 
ഞാൻ  നോക്കും" ..
ഇത്രയും പറഞ്ഞു കൊണ്ട് സാർ  സ്റ്റാഫ്‌ റൂമിലേക്ക്‌ വച്ച് പിടിച്ചു .കൂടെ ഉള്ളവര്ക്ക് മിട്ടായി ഓഫര്‍ ഒക്കെ കൊടുത്തു ചെമ്പരത്തി ആണ് എന്ന് തോന്നുന്ന ഒരു പടം ഞാന്‍ റെഡി ആക്കി വച്ചു.അങ്ങനെ വീണ്ടും ഡ്രായിംഗ്  ക്ലാസ്സ്‌ .വരപിസ്റ്റു പിള്ളേര് ബുക്ക്‌ ആയിട്ട് സാറിന്റെ  അടുത്തേക്ക് ഓടി .തുടക്കത്തിലേ പറഞ്ഞ INITIAL FLERY എനിക്ക് കലശല്‍  ആയതു കൊണ്ട് ഇരുന്നിരുന്നത്
ഫസ്റ്റ് ബെഞ്ചില്‍ ആയിരുന്നു .ഞാന്‍ എന്തോ സംഭവം ആണെന്ന് തെറ്റി ധരിച്ചു എന്‍റെ കൂടെ ഇരിക്കാന്‍ മൂന്ന് പേരും കൂടെ ഉണ്ടായിരുന്നു.ഞാന്‍ എന്റെ ചെമ്പരത്തി  പൂവ് കണ്ടിട്ട് ഇത് ചെവിയില്‍ വച്ചു കൊണ്ട് നടക്കേണ്ടി വരുമോ എന്ന് ടെന്‍ഷന്‍ അടിച്ചു ഇരിക്കുന്നു . അപ്പോഴാണ്‌ അടുത്ത് ഇരിക്കുന്ന അരുണിന്റെ പരുങ്ങല്‍ ഞാന്‍ ശ്രദ്ധിച്ചത് .

"ഞാന്‍ ഇന്ന് ഡ്രായിംഗ്  ബുക്ക്‌ കൊണ്ട് വന്നിട്ടില്ല  അത് സാറിന്റെ  അടുത്ത് പറഞ്ഞാല്‍ നുള്ളി തൊലി പൊളിക്കും സാർ വിഷമത്തോടെ അരുണ്‍ പറഞ്ഞു".


പെട്ടന്നാണ് എന്‍റെ ഉള്ളിലെ ബുദ്ധിമാനായ മലയാളി ഉണര്ന്നത്.എനിക്ക് പകരം ഈ ഡ്രായിംഗ്  ബുക്ക്‌ നീ കൊണ്ട് പോയി കാണിച്ചോ .അപ്പൊ സാറിനു  സംശയം തോന്നില്ല .
അവന്‍ എന്നെ ഒന്ന് നോക്കി ഒരു മഹാനെ നോക്കുന്നത്  പോലെ...അവനു അപ്പൊ തോന്നി കാണും ഇത്രയും നല്ല ഒരു കൂടുകാരന്റെ കൂടെ ആണല്ലോ ഞാന്‍ പഠിക്കുന്നത്.സന്തോഷത്തോടെ അവന്‍ സമ്മതിച്ചു.അങ്ങനെ ഡ്രായിംഗ്  ബുക്ക്‌ എന്ന താലം ഞാന്‍ അവനു കൈ മാറി .അവന്‍ ആ ഡ്രായിംഗ്  ഒന്ന് നോക്കുക പോലും  ചെയ്യാതെ പോകാന്‍ റെഡി ആയി .

അടുത്ത ആള് സാറിന്റെ  അടുത്തേക്ക് വരുന്നതിനു മുമ്പ് അവന്‍ ഓടി ചെന്നു.സാർ  ബുക്ക്‌ വാങ്ങി തുറന്നു നോക്കി .കുറച്ചു നേരം അതിലേക്കു നോക്കിയിട്ട് അവന്റെ മുഖത്തേക്ക് നോക്കി സാർ.  സച്ചിന്റെ മുഖത്ത് ഒക്കെ കാണുന്ന ഒരു എളിമ ഇല്ലേ അതാണ്‌ അപ്പൊ അവന്റെ മുഖത്ത്.

ഇതാണോടാ ചെമ്പരത്തി?
ആഫ്രിക്കയില്‍ ഉണ്ടാകുന്ന ചെമ്പരത്തി ആണോ ഇത് ?

അപ്പോഴാണ്‌ അരുണ്‍ ആ ചിത്ര കാവ്യത്തിലേക്ക് നോക്കുനത് .അവന്റെ കണ്ണ് തള്ളി വെളിയില്‍ വരുന്നത് ഞാന്‍ കണ്ടു.
ഇങ്ങനെ ആണോ വരക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് തങ്കപ്പൻ  സാർ  അവന്റെ തുടയില്‍ പിടി മുറുക്കി .ഇന്നത്തെ ഇരയെ കിട്ടിയ സന്തോഷം ആ മുഖത്ത് ഉണ്ട് .വെറും നാല് അര അടി പൊക്കം മാത്രം ഉണ്ടായിരുന്ന അരുണിന്റെ  പൊക്കം അപ്പൊ  അഞ്ചു അടി ആയതു പോലെ തോന്നി എനിക്ക്.

അവന്റെ കണ്ണില്‍ കൂടെ അപ്പോള്‍ പറന്നു പോയ പൊന്നിച്ച എന്‍റെ ചെവിയില്‍ ഒന്ന് വട്ടം ഇട്ടു പറഞ്ഞിട്ടു ദൂരേക്ക്‌ പറന്നു പോയി .പോയി മാറ്റി വരച്ചിട്ടു വാടാ എന്ന് പറഞ്ഞു സാർ ബുക്ക്‌ അവന്റെ കയില്‍ കൊടുത്തിട്ട് ഓടിച്ചു അവനെ.കലങ്ങിയ കണ്ണും ആയി  വന്ന അവന്‍ ഒന്നും മിണ്ടിയില്ല .

അവന്റെ മനസ്സില്‍ തോന്നി കാണും 
വഴിയില്‍ കൂടി പോയ പണി വെറുതെ ഏണി കയറി പിടിച്ചല്ലോ ഞാന്‍ എന്ന് .  കുറച്ചു ദിവസത്തിനുള്ളില്‍  ആ പിണക്കം മാറി എങ്കിലും ഇപ്പോഴും  അതിന്റെ കുറ്റബോധം   എന്‍റെ മനസ്സില്‍ ഉണ്ട്.ഇപ്പോള്‍ അരുണ്‍ എവിടയാണോ എന്തോ അറിയില്ല .പ്രിയപ്പെട്ട കൂട്ടുകാരാഒരു മലയാളി മറ്റൊരു മലയാളിയെ സഹായിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിൽ അതില്‍ ഒരു ചതി കാണും എന്ന വലിയ  തത്വം നിനക്ക് അന്ന്  മനസിലായി കാണും ഇല്ലേ .
ചെമ്പരത്തി പൂക്കൾ കാണുമ്പോള്‍ എല്ലാം എനിക്ക് അവനെ ഓര്‍മ വരും ആ നുള്ളും. പലരുടെയും ഓര്‍മകളില്‍ പല പല പൂക്കള്‍ക്കും സ്ഥാനം ഉണ്ടാകും .എന്‍റെ സ്കൂള്‍ ജീവിതത്തിലെ ഒരു ഓര്‍മയ്ക്ക്  നിറം നല്‍കുന്നത് ആ ചെമ്പരത്തി പൂവാണ്.

ആത്മാര്‍ഥമായ ക്ഷമ   അരുണിനോട് ചോദിച്ചു  കൊണ്ട് ഞാന്‍ നിര്‍ത്തുന്നു .... 

                                                               
ദിനില്‍നായര്‍  
                                                                                                                                    

1 comment:

  1. ഇത് കൊള്ളാട്ടോ... ഒരു ചെറിയ എഴുത്തുകാരന്‍ ടച്ച്‌ ഒക്കെയുണ്ട് ....

    ReplyDelete