Sunday, 27 January 2013

നിരപരാധി                                                        നിരപരാധി അവന്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടായിരുന്നു.
കൈ കൊണ്ട് ആ വിയര്‍പ്പ് തുടച്ചു കളഞ്ഞു .
അല്ലെങ്കിലും ഈ നേരം തെറ്റിയ നേരത്ത് പോകണ്ടാ  എന്ന് എല്ലാവരും പറഞ്ഞതാണ് .
അവരുടെ ഒന്നും വാക്ക് കേള്‍ക്കാതെ സ്വയം ഇറങ്ങി തിരിച്ചതല്ലേ .
വരുന്നിടത്ത് വച്ചു കാണാം .ഏതെങ്കിലും വാഹനം വരാതിരിക്കില്ല .
അയാള്‍ റോഡിലേക്ക് ഇറങ്ങി നിന്നു.


ദൂരെ നിന്നു ഒരു വെളിച്ചം അടുത്തേക്ക് വന്നു കൊണ്ടിരുന്നു .
അതൊരു ബസ്‌ ആവണേ!.അതെ ബസ്‌ തന്നെ .അയാള്‍ മനസ്സില്‍ പറഞ്ഞു .വലിയ ഒരു ശബ്ദത്തോടെ ബസ്‌ നിന്നു .വിജനമായ ബസ്‌ .
യാത്രക്കാരനായി ഞാന്‍ മാത്രം .
ആളുകള്‍ ഒന്നും ഇല്ലാതെ എന്തിനാണ് ഈ ബസ്‌ ഇങ്ങനെ ഓടിക്കുന്നത്.
കറുത്തിരുണ്ട കൈ അയാളെ തോണ്ടി വിളിച്ചു ."ടിക്കറ്റ്‌".


കാറ്റു  അടിച്ചു  അയാള്‍ പതുക്കെ മയങ്ങി തുടങ്ങി .
കുറെ നിമിഷങ്ങള്‍ക്ക് ശേഷം അയാള്‍ കണ്ണ് തുറന്നു .
ഇറങ്ങേണ്ട സ്ഥലം കഴിഞ്ഞോ ?ഇത് ഇതാണ് സ്ഥലം .
അയാള്‍ കണ്ണുകള്‍ വിടര്‍ത്തി പുറത്തേക്കു നോക്കി .

ബസില്‍ നിന്നും ചാടി ഇറങ്ങി .പേടിപ്പിക്കുന ഒരു ഇരുട്ട് അവിടെ നിറഞ്ഞു കിടന്നിരുന്നു 
വഴി വിളക്കുകള്‍ അയാളെ നോക്കി കൊഞ്ഞനം കുത്തി .
ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട്അയാള്‍ മുന്നോട്ടു നടന്നു .
അയാളുടെ ഉള്ളില്‍ ഭയം തിളച്ചു പൊങ്ങി കൊണ്ടിരുന്നു .
വഴിയില്‍ കിടന്ന ഒരു കുപ്പി അവന്‍ ദൂരേക്ക് തട്ടി തെറിപ്പിച്ചു
തളം കെട്ടി നിന്നിരുന്ന നിശബ്ദതയെ മുറിച്ചു കൊണ്ട് ആ കുപ്പി ദൂരേക്ക്‌ തെറിച്ചു വീണു .


മുല്ലപ്പൂവിന്റെ മണം അവന്റെ മൂക്കില്‍ വന്നടിച്ചു 
ചുറ്റും നോക്കി എങ്കിലും ആരെയും കണ്ടില്ല .
വഴി അരികത്തുള്ള കടയില്‍ നിന്ന്
 ഒരു മനുഷ്യ രൂപം തന്റെ നേര്‍ക്ക്‌ നടന്നു വരുന്നത്
പോലെ തോന്നി അവന്.
ഉള്ളിലെ ഭയം പുറത്തു കാണിക്കാതെ അവന്‍ ചോദിച്ചു .
"ആരാണ് അത്" ?
മറുപടി ഒന്നും ഉണ്ടായില്ല .കുപ്പി വളകളുടെ ശബ്ദം അടുത്തടുത്ത്‌ വന്നു കൊണ്ടിരുന്നു .
"ചേട്ടന്‍, ഈ സമയത്ത് എവിടെ പോകുന്നു .വാ ചേട്ടാ ..എന്‍റെ കൂടെ വരൂ .
"ചായം തേച്ച ചുണ്ടുകള്‍ സംസാരിക്കാന്‍ തുടങ്ങി.
 "ഇല്ല എനിക്ക് താല്പര്യം ഇല്ല ".അവന്‍ മറുപടി പറഞ്ഞു .
അവള്‍ അത് കേള്‍ക്കാത്ത മട്ടില്‍ അവന്‍റെ കൈയില്‍ കടന്നു പിടിച്ചു .
ഒരു പിഞ്ചു കുഞ്ഞിനെ പോലെ അവന്‍ കുതറി മാറാന്‍ നോക്കി
 എങ്കിലും പരാജയപെട്ടു ."ഞാന്‍ പോലീസില്‍ പറയും .മാറുന്നതാണ് നിങ്ങള്‍ക്ക് നല്ലത്" .
അവന്‍ ദേഷ്യത്തോടെ പറഞ്ഞു ."പോലീസോ..അവള്‍ പുച്ഛത്തോടെ വായില്‍ കിടന്ന മുറുക്കാന്‍ നീട്ടി തുപ്പി .
എന്നിട്ട് അവളുടെ ബാഗില്‍ നിന്ന് ഒരു തൊപ്പി എടുത്തു തലയില്‍ വച്ചു.
ഒരു പോലീസുകാരന്റെ തൊപ്പി .
അവന്‍ എന്തോ പറയാന്‍ വന്നെങ്കിലുംഅത് തൊണ്ടക്കും ചുണ്ടിനും ഇടയില്‍ കുടുങ്ങി മരിച്ചു .
 
അവളുടെ കൈ തട്ടി മാറ്റി കൊണ്ട് അവന്‍ മുന്നോട്ടു ഓടി
.കുറ ദൂരത്തേക്കു അവന്‍ ഓടി .ആ ഓട്ടം അവനെ ക്ഷീണിപ്പിച്ചു .
അരികില്‍ കണ്ട ഒരു പോസ്റ്റില്‍ അവന്‍ ചാരി ഇരുന്നു .കണ്ണുകള്‍ പതുക്കെ അടച്ചു .കൈയില്‍ ഇരുന്ന കവര്‍ അവന്‍ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു .
കിതപ്പ് കുറഞ്ഞപ്പോള്‍ അവന്‍ വീണ്ടും മുന്നോട്ടു നടക്കാന്‍  തുടങ്ങി.ആരൊക്കയൊ തന്നെ  പിന്തുടരുന്നുണ്ടെന്ന് അവന്‍റെ മനസ് പറഞ്ഞു .
തലങ്ങും വിലങ്ങും അവന്‍ നോക്കി എങ്കിലും ആരെയും കണ്ടില്ല നടത്തത്തിന്റെ വേഗതകൂട്ടി .
അവന്‍റെ മുന്നിലേക്ക്‌ ഒരു വാഹനം പാഞ്ഞു വന്നു നിന്നു.
അതില്‍ നിന്നു കുറച്ചുപേര്‍ പുറത്തേക്കു ഇറങ്ങി .
എല്ലാവരും മുഖം മറച്ചിരുന്നു .ഒരു വേട്ടപട്ടിയുടെ ശൌര്യത്തോടെ അവര്‍ മുന്നോട്ട് ആഞ്ഞു .
അവരുടെ കൈകളിലെ വാളുകള്‍ തിളങ്ങി .
അവന്‍ പുറകോട്ടു ഓടാന്‍ ശ്രമിച്ചു .അപ്പോഴേക്കും അവന്‍റെ പുറത്തും കഴുത്തിലും വാളുകള്‍ ചിത്രം വരച്ചു ..രക്തം കൊണ്ടുള്ള ചിത്രങ്ങള്‍  .

 
ഉറക്കെ ഒന്ന് കരയാന്‍ പോലും കഴിയാതെ അവന്‍ താഴേക്കു  മറിഞ്ഞു വീണു .അവന്‍ മാറോട് അടക്കി പിടിച്ചിരുന്ന കവര്‍ അവരില്‍ ഒരാള്‍  കയ്യിലെടുത്തു ഒരു കുട്ടിയുടുപ്പും സാരിയും .
അയാള്‍ വേറെ എന്തോ അതില്‍ തിരഞ്ഞു .
ദേഷ്യത്തോടെ ആ കവര്‍ താഴേക്കെറിഞ്ഞു .അയാളുടെ ഫോണ്‍ ചിലച്ചു .


"കഴിഞ്ഞു .പക്ഷെ പറഞ്ഞ സാധനം കാണുന്നില്ല ".
നിങ്ങള്‍ എന്താ ഈ പറയുന്നത് .അപ്പൊ ഇതാരാണ് ?"
അയാള്‍ ഫോണ്‍ കട്ട്‌ ചെയ്തു .അവര് പറഞ്ഞ ആള്‍ ഇതല്ല .നമുക്ക് ആള് മാറി വേഗം ഇവിടെന്നു  പോകണം .
അയാളും കൂട്ടാളികളും വാഹനത്തിന്‍റെ അടുത്തേക്ക് ഓടി .


അച്ഛന്‍ ഇങ്ങോട് വരട്ടെ ".നമുക്ക് അച്ഛനെ ശരിയാക്കാം അല്ലെ മോളെ ".
സുധ മകളെ എടുത്തു ഉമ്മ വച്ചു.
ഫോണ്‍ ബെല്‍ അടിച്ചു കൊണ്ടിരുന്നു .
സുധ കുട്ടിയെ തൊട്ടിലില്‍ കിടത്തിയിട്ട് ഫോണ്‍ എടുത്തു .
"ഹലോ .ആാ ..സുധീരേട്ടന്‍ ആണോ .എന്താ ഈ നേരത്ത്
രമേശ്‌ ഏട്ടന്‍ അവിടെന്നു പോന്നില്ലേ ?.
ഇത് വരെ ഇവിടെ എത്തിയിട്ടില്ല "
എന്താ ചേട്ടാ ..എന്താ ?രമേശ്‌ എട്ടന് എന്താ പറ്റിയത് .
അവള്‍ കരഞ്ഞു കൊണ്ട് ചോദിച്ചു ."
ഒന്നുമില്ല ചെറിയ ഒരു അപകടം .
ഞാന്‍ ഇപ്പൊ തന്നെ അങ്ങോടു വരാം .നീ വിഷമിക്കാതെ ഇരിക്ക് .
ഫോണ്‍ കട്ട്‌ ആയി .


തൊട്ടിലില്‍ കിടന്ന് ആ കുഞ്ഞ് അമ്മയെ നോക്കി കൈകള്‍ കൊട്ടി ചിരിച്ചു കൊണ്ടിരുന്നു .

                                                                                               ദിനില്‍ നായര്‍


1 comment: